Tuesday, February 5, 2008

മാവോയിസ്റ്റ് മുദ്രകുത്തല്‍

കെട്ടിടം തകര്‍ന്നു മരിച്ച് ഒറീസ്സ തൊഴിലാ ളികളുടെ ശവമഞ്ചവും പേറി സഹപ്രവര്‍ത്തകര്‍ കെട്ടിട
ഉടമയുടെ വീട്ടിലേക്ക് ...



ഈ അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ , വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേകിച്ചും മനുഷ്യാവകാശ-പരിസ്ഥിതി പ്രവര്‍ത്തകരെ മാവോയിസ്റ്റ് മുദ്രകുത്തി അവരുടെ പ്രവര്‍ത്തനമേഖലകളില്‍ നിന്നു പിന്തിരിപ്പിക്കാന്‍ കഠിനശ്രമം നടത്തികൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് എരയാംകുടിയില്‍ നെല്‍‌വയലുകള്‍ സംരക്ഷിക്കുന്നതിന് വേണ്ടി സമരം നടത്തുന്ന സമിതിയുടെ കണ്‍‌വീനര്‍ ശ്രീമതി ജയശ്രീയുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡ് നാടകം. അങ്കമാലിയില്‍ നിന്ന് ആന്ധ്രപോലീസ് കസ്റ്റഡിയിലെടുത്ത മാവോയിസ്റ്റ് നേതാവ് മല്ലരാജറെഡ്ഡിയുടേ ലാപ്‌ടോപ്പ് അന്വേഷിച്ചായിരുന്നു പോലീസ് എത്തിയതത്രെ. ഇതിനും ഏതാനും മാസങ്ങള്‍ക്കുമുന്‍പ് എരയാംകുടിയുടെ അടുത്തപ്രദേശമായ മുരിയാട് കായല്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍കൃഷി സംരക്ഷണത്തിന് വേണ്ടിയുള്ള സമരം നടക്കുമ്പോള്‍ അവര്‍ക്കെതിരെയും നക്സല്‍ ബന്ധം ആരോപിക്കുകയുണ്ടായി. ഇവിടെ രണ്ടിടത്തും നെല്‍കൃഷി അസാധ്യമാക്കിയ മണ്ണ്‌മാഫിയക്കെതിരെയായിരുന്നു സമരം . ഈ രണ്ടിടത്തും പ്രാദേശിക CPI(M) നേതൃത്വം ഈ മണ്ണ്‌മാഫിയക്കൊപ്പമാണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം .ഫലഭൂയിഷ്ടമായ നെല്‍പ്പാടങ്ങള്‍ ഇഷ്ടിക നിര്‍മ്മാണത്തിന് വേണ്ടി ക്രമാതീതമായ തോതില്‍ മണ്ണ് എടുത്ത് മാറ്റിയതിന്‍‌റെ ഭാഗമായി വര്‍ഷങ്ങളായി കൃഷിയിറക്കാന്‍ സാധിച്ചിരുന്നില്ല.


ഇതുപോലെ തന്നെ കഴിഞ്ഞ സെപ്റ്റംബറില്‍ എറണാംകുളത്ത് പഴയ കെട്ടിടം തകര്‍ന്നുവീണ് ഒറീസ്സയില്‍ നിന്നുള്ള കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍ മരിക്കാനിടയായപ്പോള്‍ ,വ്യവസ്ഥാപിത ട്രേഡ്‌യൂണിയനുകളും രാഷ്ട്രീയപാര്‍ട്ടികളും പോലീസും ഭരണകൂടവും ഒന്നാകെ കെട്ടിടനിര്‍മ്മാതാവിനോടപ്പം നിന്ന് തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിച്ചപ്പോള്‍ തൊഴിലാളികളുടെ ഒപ്പം നിന്നു അവകാശങ്ങള്‍ക്കായി സമരം ചെയ്തത് TUCI പ്രവര്‍ത്തകരായിരുന്നു. ഇതിനെ തുടര്‍ന്നു അന്യസംസ്ഥാനതൊഴിലാളികള്‍ക്കിടയില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും അവര്‍ നിരീക്ഷണത്തിലാണെന്നും പോലീസും പത്രങ്ങളും ഒരു പോലെ ആര്‍ത്തുവിളിച്ചു. പട്ടിണി മരണങ്ങള്‍ നിത്യ സംഭവമായ ഒറീസ്സയില്‍നിന്നും ബുദ്ധദേവിന്‍‌റെ ബംഗാളില്‍ നിന്നും കേരളത്തില്‍ കെട്ടിടനിര്‍മ്മാണമേഖലയിലും ഇതര വ്യവസായങ്ങളിലും ജോലി തേടിയെത്തിയ ആയിരകണക്കിനു വരുന്ന തൊഴിലാളികളെ സംഘടിതമായി ചൂഷണം നിര്‍ബാധം നിലനിര്‍ത്തി കൊണ്ടു പോകാന്‍ അവരെ ഭീഷണിപെടുത്തി നിര്‍ത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടികാണിക്കുന്നത് ;മുരിയാ‍ടും എരയാംകുടിയിലും മാത്രമല്ല, എവിടെയൊക്കെ സാമൂഹ്യവിരുദ്ധ ശക്തികള്‍ ആധിപത്യം സ്ഥാപിക്കുന്നുവോ, അവിടെയൊക്കെ ഭരണകൂടം അവരോടോപ്പം ചേര്‍ന്നു നില്‍ക്കുകയും പാവപ്പെട്ട കര്‍ഷകരേയും തൊഴിലാളികളെയും മാഫിയകളുടെ ദയാദാക്ഷ്യണ്യത്തിന് വിട്ടു കൊടുക്കുകയുമാണ് . ആയിരകണക്കിന് തൊഴിലാളികളുടെ ചോരയും വിയര്‍പ്പും വിലയായി നല്‍കിയ ഇടതുമുന്നണിയാണ് ഈ ഭരണകൂടത്തിന് നേതൃത്വം ന‍ല്‍കുന്നത് എന്നത് ചരിത്രത്തിലെ വിരോധാഭാസമായി വിലയിരുത്തപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

No comments: